Sufi Geetham | With Lyrics | Fijas Vellimadukkunnu | Second Prize In Kerala Sahityotsav



വരികളിലൂടെ വായിച്ചാൽ ചിലപ്പോൾ മനസ്സിലാകാത്ത മറ്റുചിലപ്പോൾ തെറ്റായി മനസ്സിലാക്കാൻ സാധ്യതയുള്ള എന്നാൽ വരികൾക്കിടയിലൂടെ സഞ്ചരിച്ചാൽ അഗാഥ അർത്ഥതലങ്ങളിലേക്കും അനുഭൂതിയിലേക്കും നമ്മെ നയിക്കുന്ന ആത്മകലയാണ് സൂഫി ഗീതം.കലയെ കൊലവിളിക്കുന്നവർ സൂഫി ഗീതത്തെയും മലീമസമാക്കിയിട്ടുണ്ട്. മലയാള സൂഫി സംഗീതധാരയിലെ അതുല്യ വ്യക്തിത്വം ഇച്ചമസ്താനെ തനതു ഇസ്ലാമിക രീതിയിൽ അവതരിപ്പിക്കുകയാണിവിടെ.

ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ചു മണക്കുവാൻ.....
ഖാദിറായ മുഹമ്മദോട്
കരഞ് നിണ്ട് കൊതിച്ചു ഞാൻ........


ഇച്ച മസ്താന് മത്തു പിടിച്ചതാണ്. മത്തു പിടിപ്പിച്ചതോ, ഹബീബരായ മുത്ത് നബി (സ്വ)യും.സൃഷ്ട്ടി വൈശിഷ്ട്യങ്ങളുടെയൊക്കെ ഏകനായ ഉടയോനിൽ ലയിച്ച് ഹൃദയചുംബനങ്ങൾ ആസ്വദിക്കാൻ ഏക തുണ ഹബീബ് തങ്ങളാണ്.നശ്വരമായ ഈ സഞ്ചാരി ജീവിതത്തിന് അർത്ഥവും ആത്മാവും നൽകുവാൻ മുത്ത് തങ്ങളോളം യോജ്യരായവർ ആരുണ്ട്.ഇച്ച പാടുന്നു.


ആഫിയത്ത് തടിക്ക് ഖൽബിലും
ആക്കി ദീനിലെടുക്കുവാൻ.....
ആദരക്കനി സയ്യിദീ
ഹള്റത്ത് നല്ല മുഹമ്മദാ....(2)

ഭൗതിക ശരീരത്തിന്റെ അരോഗാവസ്ഥ മാത്രമാണോ ആരോഗ്യം?
അല്ല, അത് ആത്മാവിന്റെ പരിശുദ്ധ പരിതസ്ഥിതി കൂടിയാണ്.തടിക്കും ഖൽബിനും ആയുരാരോഗ്യം പ്രദാനം ചെയ്യുവാൻ മുത്ത് തങ്ങളുടെ ഹള്റത്തിനോളം വലിയ മരുന്ന് മറ്റൊന്നുമില്ല.ഇച്ച അവസാനിപ്പിക്കുന്നില്ല,
ആഖിറത്തിൽ മുത്ത് നബിയുടെ വിരുന്ന് സൽക്കാരത്തിലും മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുവാൻ തുണ തരണേ എന്നാണ് അവിടുത്തെ പ്രാർത്ഥന.


മൂപ്പരമ്പിയ മുമ്പിരുന്നിലും
മൂടടിച്ചു തിരിക്കണേ....
മുസ്തഫായ മുഹമ്മദെന്റെ
മുറാദ് വീട്ടി എടുക്കണേ....(2)

( ഖാഫ് നൂന് )


ഹൃദയം ഒരു കുഞ്ഞിനെപ്പോലെ ഇച്ഛകൾക്കു പിന്നാലെ തുടിച്ചു കൊണ്ടിരിക്കും.മനസ്സിനെ ഭ്രമിപ്പിക്കുന്ന ആശാമരീചികകൾ കണ്മുന്നിൽ വന്നുനിൽക്കുമ്പോൾ ഹൃദയത്തെ ബലികൊടുക്കാതിരിക്കാൻ കഴിയണം.
മുത്ത് നബിയാണ് അവിടെയും അകൈതവമായ പ്രതീക്ഷ.ഇച്ച മസ്താന്റെ മറ്റൊരു വിരുത്തം ഇങ്ങനെയാണ്.


താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ തഴുകിക്കൊ നമ്പിയെ നമ്പി കൊണ്ടേ.....

തങ്കച്ചിപ്പെണ്ണ് മനുഷ്യന്റെ ഹൃദയമാണ്.താലോലം പാടുന്ന തങ്കച്ചിപ്പെണ്ണ് എന്നതുകൊണ്ട് മസ്താൻ ഉദ്ദേശിച്ചത് ആഗ്രഹങ്ങൾക്ക് പിന്നാലെ പായുന്ന മർത്യമനസ്സുകളെയാണ്.

താമര തോട്ടത്തിൽ തായാരെ കണ്ടിട്ട്
താമസം കൂടാതെ ചൊല്ലിട് നീ.....(2)

സുന്ദര മതം ഇസ്ലാമിനെയാണ് താമരത്തോട്ടംകൊണ്ട് ഇച്ച സൂചിപ്പിക്കുന്നത്.തായാർ മുത്ത് നബി (സ്വ)യും.തങ്കച്ചിപ്പെണ്ണാകുന്ന ഹൃദയത്തോട് വഴിക്കാഴ്ചകളിൽ അഭിരമിക്കാതെ മുത്ത്നബിയിൽ അഭയം പ്രാപിക്കാനാണ് ഇച്ച പറയുന്നത്.

മുല്ല മലർമണം വീശുന്ന ആഷിഖ്യിൻ ആശക്ക് നാശം നീ ചെയ്തിടല്ലാ.... (2)
മാണിക്യ താലിയും മാലയും കണ്ടിട്ട് മാരാ നീ മങ്കയെ കൊന്നിടല്ലാ.... (2)

മുത്ത് നബിയുടെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിക്കാതെയുള്ള പ്രവർത്തനം അരുത്.മാത്രമോ,ഭൗതികലോകതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പളപളപ്പിൽ രമിച്ചു നീ നിന്റെ ആയുസ്സിനെ കുരുതി കൊടുക്കരുത്..

പുന്നാര കുട്ടിന്റെ പുതുമത്തരം കണ്ട് പുരുഷാരം കൂട്ടല്ല പുതുമക്കാരാ..... (2)

പുറപ്പെട്ട് പോകുമ്പോൾ നരിക്കുട്ടി കാട്ടുന്ന കഠിന ത്തരം കണ്ട് കളിയാക്കണ്ട......